Kondotty


 History of Kondotty
 രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ ഉടനെയുളള ഒരു വെള്ളിയാഴ്‌ച. കൊണ്ടോട്ടി പ്രദേശത്തെ മുസ്‌ലിം പുരഷന്മാരെല്ലാം പള്ളിയിലേക്ക്‌ പോയിരുന്നു. ഈ സമയത്താണ്‌ ആകാശത്ത്‌ ഒരു ഭീകര ശബ്‌ദം കേട്ടത്‌. സ്‌ത്രീകളെല്ലാം വീട്‌ വിട്ട്‌ പുറത്തിറങ്ങി. ''പടച്ചോനെ ഖിയാമത്തിന്റെ അലാമത്താണോ ? ' മുമ്പെങ്ങും കേള്‍ക്കാത്ത ശബ്‌ദത്തെ അവര്‍ക്കിങ്ങനെയാണ്‌ കാണാന്‍ കഴിഞ്ഞിരുന്നത്‌.ജനങ്ങള്‍ ഭീതിയോടെ ഓടിക്കൂടി എത്തിപ്പെട്ടത്‌ അന്ന്‌ കുമ്മിണിപ്പറമ്പ്‌,കണ്ണന്‍കോട്ടു പാറയിലായിരുന്നു.ഏറെ കഴിഞ്ഞാണ്‌ മനസ്സിലായത്‌. ആ ഇരമ്പല്‍ ഒരു വിമാനത്തിന്റേതായിരുന്നുവെന്ന്‌. ഇത്‌ ഒരു പഴയ കഥ. എന്നാല്‍ അന്ന്‌ ആകാശത്ത്‌ മൊട്ടുസൂചികണക്കെ കണ്ടിരുന്ന യന്ത്രപ്പറവകള്‍ ഇന്ന്‌ അതേ കണ്ണന്‍കോട്ടുപാറയില്‍ കൂടുവെച്ചിരിക്കുന്നു.
വിമാനവും അതിന്റെ ഇരമ്പലും കൊണ്ടോട്ടിക്കാരുടെ ഒരു കാഴ്‌ചപോലുമല്ലാതായി. രാത്രിയുടെ കറുപ്പില്‍ ആകാശച്ചെരുവിലൂടെ ചുവന്ന ലൈറ്റടിച്ച്‌ വിമാന ഭീമന്‍ കടലിനക്കരയിലേക്ക്‌ പറന്നകലുന്നതും കണ്ടുമടുത്ത കാഴ്‌ചയായി.
1988 ല്‍ കരിപ്പുര്‍ വിമാനത്താവളം വന്നതോടെയാണ്‌ കൊണ്ടോട്ടിക്ക്‌ പുതിയ മുഖം വന്നത്‌. വിമാനത്താവളം ഇശലിന്റെ മണ്ണിന്‌ മറ്റൊരു കാഴ്‌ച കൂടി ഒരുക്കുകയായിരുന്നു.യന്ത്രപ്പറവകള്‍ ചേക്കേറിയ കാലത്തിനു മുമ്പും കൊണ്ടോട്ടി സമ്പന്നമായിരുന്നു. സാംസ്‌കാരിക ധാരകള്‍ പലതും വന്നു ചേര്‍ന്ന്‌ ഫലഭൂയിഷ്‌ഠമായ ഈ മണ്ണില്‍ മായാത്ത മുദ്രകളാണ്‌ പതിപ്പിച്ചത്‌. കൊണ്ടോട്ടിയിലെ സാംസ്‌കാരികവും സാമൂഹികവുമായ ജീവിതത്തിന്റെ കരുത്തുറ്റ അടിത്തറയാവുന്നത്‌ ഇങ്ങനെ കൈവന്ന സാംസാകാരിക സമന്വയമാണ്‌. കാലങ്ങള്‍ക്ക്‌ മുമ്പ്‌ ഇവിടെ നില നിന്നിരുന്ന ഗോത്ര സംസ്‌കൃതിയുടെയും സാമൂതിരി രാജ വംശവുമായി ബന്ധപ്പെട്ട്‌ കൈവന്ന രാജകീയ സംസ്‌കൃതിയുടെയും ധാരകള്‍ ഇന്റോ സാരസണ്‍ പൈതൃകമുള്ള ജനതയില്‍ കൊള്ളക്കൊടുക്കലുകളിലും സമ്പന്നമായി. കരിപ്പൂര്‍ വിമാനത്താവളം കൊണ്ടോട്ടിയുടെ ഈ വികസിത സാഹചര്യത്തില്‍ വന്നു ചേര്‍ന്ന അര്‍ഹതയായി തീരുകയാണുണ്ടായത്‌. ആത്മീയവും ചിന്താപരവുമായി വികസിച്ച കൊണ്ടോട്ടി ജനതക്ക്‌ കൈവന്ന ലോക സാംസ്‌ക്കാരങ്ങളിലേക്കുള്ള ഒരു കവാടമാവുകയായിരുന്നു ഇത്‌.
നെടിയിരുപ്പ്‌ സ്വരീപവുമായി ബന്ധപ്പെട്ട ഫ്യൂഡല്‍ സാംസ്‌കാരിക പാരമ്പര്യം ഇവിടെയാണ്‌ ഉറവയെടുത്തത്‌. ഇതാകട്ടെ ശക്തമായ ആദിവാസി ഗോത്ര സമൃദ്ധിയില്‍ നിന്നും ശക്തി നേടിയതായിരുന്നു. ഇതിനിടയിലേക്കാണ്‌ ആറാം നൂറ്റാണ്ടോട്‌ കൂടി പൊന്നാനി മഖ്‌ദൂമികളിലൂടെ 'സെമിറ്റിക്‌ 'മത പാരമ്പര്യവും വന്നു ചേര്‍ന്നത്‌. പിന്നീട്‌ ഇന്റോ അറേബ്യന്‍ സമന്വയ ചിന്താധാരയുടെ ഫലമയ സൂഫിസവുമായി ബന്ധമുള്ള പേര്‍ഷ്യന്‍ സാംസ്‌കാരികത ഇഴുകിചേരുകയുമുണ്ടായി. 1760 കളില്‍ ടിപ്പുസുല്‍ത്താനുമായി ബന്ധപ്പെട്ടുള്ള പേര്‍ഷ്യന്‍ സംസ്‌കൃതിയും പില്‍ക്കാലത്ത്‌ ഇശല്‍രാജാങ്കണമാക്കിയ മോയിന്‍കുട്ടി വൈദ്യരും കൊണ്ടോട്ടിയെ ചരിത്രത്തിന്റെ ഉന്നതിയിലെത്തിച്ചു. കേരളീയ സംസ്‌കാരത്തില്‍ ഇഴുകിചേര്‍ന്നു കിടക്കുന്ന പേര്‍ഷ്യന്‍ സംസ്‌ക്കാരവും ഇന്ന്‌ കൊണ്ടോട്ടിയെ മത സൗഹാര്‍ദ്ദത്തിന്റെ സാ ംസ്‌കാരിക മണ്‌ഡലമാക്കുന്നു. പഴങ്ങാടി പള്ളി, നെടിയിരുപ്പ്‌ ക്ഷേത്രം, ഖുബ്ബ, തഖിയ്യ, ബ്രിട്ടീഷ്‌ ബംഗ്ലാവ്‌ തുടങ്ങി ഒട്ടേറെ സ്‌മാരകങ്ങള്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി ഇന്നും ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു.
===========================================================
പഴങ്ങാടി ജുമുഅത്ത്‌ പള്ളിയും കൊണ്ടോട്ടിയും
ഏറനാട്ടിലെ ആറാമത്തെ ജുമുഅത്ത്‌ പള്ളിയാണ്‌ പഴങ്ങാടി പള്ളി. കൊണ്ടോട്ടി എന്ന പേരിന്‌ കാരണമായ ചരിത്ര സ്‌മാരകം കൂടിയാണിത്‌. 700 വര്‍ഷം പഴക്കമുള്ള പള്ളിക്ക്‌ അതി വിശാലമായ ചരിത്ര പശ്ചാത്തലമുണ്ട്‌. പൊന്നാനി മഖ്‌ദൂം കുടുംബവുമായി ബന്ധമുള്ള പള്ളി പേര്‍ഷ്യന്‍ കലാവിരുതിന്റെ വിസ്‌മയം വിളിച്ചോതുന്നതാണ്‌. ഹിജ്‌റ 1200കളിലാണ്‌ നിര്‍മ്മാണം. പ്രശസ്‌ത കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍കരീം മാസ്റ്ററടക്കം ചരിത്രകാരന്മാര്‍ പള്ളിയുടെ ചരിത്രം പറയുന്നത്‌ ഇങ്ങനെ......
പോര്‍ച്ചുഗീസുകാരുടെ ആഗമന കാലത്ത്‌ കൊണ്ടോട്ടിയിലെയും പരിസരത്തെയും മുസ്‌ലിംകള്‍ ജുമുഅക്ക്‌ പോയിരുന്നത്‌ കാല്‍ നടയായി തിരൂരങ്ങാടി പള്ളിയിലേക്കായിരുന്നു. ഒരിക്കല്‍ പള്ളിക്കകത്തെത്തിയപ്പോഴേക്കും ജുമുഅ കഴിഞ്ഞു. തിരൂരങ്ങാടി പള്ളിയിലെ ഖാസി ഇതു കണ്ടു പറഞ്ഞു. 'ഈന്തിന്‍ പട്ടകൊണ്ടെങ്കിലും നിങ്ങള്‍ക്ക്‌ അവിടെ ഒരു പള്ളി പണിതുകൂടെയെന്ന്‌ 'ഖാസിയുടെ ചോദ്യം ഇവിടെ ഒരു പള്ളി നിര്‍മ്മിക്കാനുള്ള പ്രചോദനമാകുകയായിരുന്നു. പള്ളിക്കു വേണ്ടി അന്നത്തെ ധനാഢ്യനായ തലയൂര്‍ മൂസത്‌ പഴയങ്ങാടിയില്‍ സ്‌ഥലം ദാനം ചെയ്‌തു. സ്ഥലം ഖോരവനമായതിനാല്‍ പള്ളി നിര്‍മ്മാണം പ്രയാസമായി. വനം വെട്ടി മാറ്റി വെളുപ്പാക്കാന്‍ മുസ്‌ലിം ധനാഢ്യര്‍ ഒരു തന്ത്രം പ്രയോഗിച്ചു. ജാതിമത ഭേദമന്യേ നാട്ടുകാരെ വിളിച്ചു ചേര്‍ത്ത്‌ അവര്‍ക്കു മുമ്പാകെ കുറെ സ്വര്‍ണ്ണ നാണയങ്ങള്‍ ഘോരവനത്തിലേക്ക്‌ വലിച്ചെറിഞ്ഞു.സ്വര്‍ണ്ണനാണയങ്ങള്‍ സ്വന്തമാക്കാന്‍ ജനം അരിവാളും വെട്ടു കത്തിയുമായി കാട്‌ വെട്ടിത്തെളിയിച്ചു. ഇതോടെ കൊളത്തൂര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവിടെ 'കൊണ്ടുവെട്ടി' യായി. ഇത്‌ ലോപിച്ചാണ്‌ കൊണ്ടോട്ടിയായത്‌. നിര്‍മ്മിച്ച പള്ളിക്കു ചുറ്റും കുടുംബങ്ങളും വന്നു ചേര്‍ന്നു. കാലങ്ങള്‍ക്ക്‌ ശേഷം കീടക്കാട്ട്‌ പുത്തന്‍പീടിയക്കല്‍ കുഞ്ഞര്‍മുട്ടി സ്വന്തം ചിലവില്‍ പള്ളി പുനരുദ്ധരിച്ചു.പണ്‌ഡിത വര്യനായ പൊന്നാനി മഖ്‌ദൂം കുടുംബത്തിലെ സൈനുദ്ദീന്‍ മഖ്‌ദൂമും, മറ്റത്തൂര്‍ ഖാസിയും , ഒമാനൂര്‍ ശുഹദാക്കളും അന്ത്യവിശ്രമം കൊള്ളുന്നത്‌ പഴയങ്ങാടി പള്ളി മണ്ണിലാണ്‌. ഏഴ്‌ വര്‍ഷം മുമ്പ്‌ പള്ളി വീണ്ടും പുനരുദ്ധരിച്ചു. എങ്കിലും പള്ളിയുടെ മഹിമ കൈവെടിയാതെ തന്നെ നില നില്‍ക്കുന്നു.
=================================================================
കൊണ്ടോട്ടി ഖുബ്ബയും മുഹമ്മദ്‌ ഷാ വലിയ തങ്ങളും
കൊണ്ടോട്ടിയിലെ അതിവിശാലമായ മറ്റൊരു ചരിത്രത്തിന്‌ തുടക്കമിട്ട വ്യക്തിയായിരുന്നു മുഹമ്മദ്‌ ഷാ വലിയ തങ്ങള്‍(കൊണ്ടോട്ടി തങ്ങള്‍) 1709-കളിലാണ്‌ പേര്‍ഷ്യന്‍ വംശജനായ തങ്ങള്‍ കൊണ്ടോട്ടിയില്‍ എത്തുന്നത്‌.പേര്‍ഷ്യ (ഇറാന്‍)യില്‍ നിന്നും മുംബൈയിലെ കുര്‍ളയിലെത്തിയ തങ്ങള്‍ കൊച്ചിയിലും ,പിന്നീട്‌ പാലക്കാട്ടും അവിടെ നിന്ന്‌ അരീക്കോട്‌ പുളയുടെ തീരത്തുള്ള ചെക്കുന്ന്‌ മലയിലെത്തിയതായി ചരിത്രം പറയുന്നു.പീന്നീട്‌ കൊണ്ടോട്ടിയിലെ കാളോത്ത്‌ താമസിച്ചു. ഫറൂഖാബാദ്‌ (ഫറോക്ക്‌) ആസ്ഥാനമായി കൊണ്ടോട്ടി അടക്കമുള്ള പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്‍ ഭരിക്കുന്ന കാലം.മുഹമ്മദ്‌ ഷാ വലിയ തങ്ങളുടെ ഭക്തിയില്‍ പ്രീതിപൂണ്ട്‌ കൊണ്ടോട്ടിയിലെ 554 ഹെക്‌ടര്‍ പ്രദേശത്തെ ഇനാംദാര്‍ (നികുതി) പിരിക്കാനുള്ള അവകാശം ടിപ്പുസുല്‍ത്താന്‍ തങ്ങള്‍ക്ക്‌ നല്‍കി.
ടിപ്പു പിന്നീട് മൈസൂരിലേക്ക് മടങ്ങിയ ശേഷം ഈ സ്ഥലം അദ്ദേഹത്തിന്റെ അധീനതയിലായി. (തങ്ങളോടുള്ള ആദരവില് പണിക്കര് സമുദായം ഈ സ്ഥലം നല്കുകയായിരുന്നു എന്ന് പറയപ്പെടുന്നു) പിന്നീട് തങ്ങള് കുടുംബങ്ങളെ കൂട്ടിക്കൊണ്ട് വന്ന് ഇവിടെ സ്ഥിരതാമസമാക്കി. പിന്നീട് വലിയ മാളിയേക്ക ല് വീടു തഖിയ്യയും നിര്മ്മിച്ചു. ഈ കാലഘട്ടത്തിലാണ് പേര്ഷ്യന് സംസ്ക്കാരം കേരളീയതയില് ഇഴുകിയത്. മുഹമ്മദ് ഷാ തങ്ങള് അന്ത്യവിശ്രമം കൊള്ളുന്ന ഖബറിടമാണ് ഖുബ്ബ. കരിങ്കല്ല് കൊണ്ട് മാത്രം നിര്മ്മിച്ച ഈ രമ്യഹര്മ്മം പേര്ഷ്യന് ശില്പകലാ വൈദഗ്ദ്ധ്യത്ത വിളിച്ചോതുന്നു. തങ്ങളുടെ കാലത്ത് തന്നെ ഖുബ്ബയുടെ അടിത്തറ ഉണ്ടാക്കിയിരുന്നുവെങ്കിലും ഇത്തരത്തില് നിര്മ്മിച്ചത് മക്കളായ അബ്തിയാഹ്ഷാ തങ്ങളും, ഇസ്തിയാഹ് ഷായുമാണ്. തഖിയുക്കല് പള്ളി നിര്മ്മാണവും ഈ കാലഘട്ടത്തില് തന്നെ. മധുരമീനാക്ഷി ക്ഷേത്രത്തിന്റെ ശില്പ്പികളുടെ പരന്പരയില് പെട്ടവരാണ് ഖുബ്ബയുടെ നിര്മ്മാതാക്കള് എന്ന് പറയുന്നുണ്ട്. ജാതിമതഭേദമന്യേ ജനങ്ങള് ഇന്ന് ഖുബ്ബ സന്ദര്ശിക്കാനും സിയാറത്തിനും എത്താറുണ്ട്.
=================================================================

തുറക്കല് ബംഗ്ലാവും മലബാര് കലാപവും.

ഇന്ത്യാ ചരിത്രത്തിലെ ഒന്നാം സ്വാതന്ത്രസമരമായി പറയുന്ന മലബാര് കലാപത്തില് കൊണ്ടോട്ടിയും ഭാഗഭാക്കായിരുന്നു. 1921 ല് പൂക്കോട്ടൂര്, മന്പുറം, മേല്മുറി, തിരൂരങ്ങാടി, താനൂര്, ചേറുര് തുടങ്ങിയിവിടങ്ങളില് ഖിലാഫത്ത് കൊടുന്പിരിക്കൊള്ളുന്പോള് കൊണ്ടോട്ടി ജനങ്ങളുടെ അഭയകേന്ദ്രമാകുകയാണുണ്ടായത്. കൊണ്ടോട്ടിക്കടുത്ത പുളിക്കല് വലിയ പറന്പില് ഖിലാഫത്ത് കാലത്ത് നടന്ന ചെമ്മണ് കൂട്ടക്കൊല ചരിത്രമാണ്. ചെമ്മണ് തൊടുവില് അന്ന് താമസിച്ചിരുന്ന കുടുക്കില് വീരാനെയും അഞ്ച് പെണ് മക്കളുമടക്കം നാല്പ്പത് പേരെയാണ് അന്ന് വെള്ളപ്പട്ടാളം വെടിവെച്ചുകൊന്നത്.

ബ്രിട്ടീഷ് പട്ടാള മേധാവി ഹിച്ച്കോക്കിന്റെ ആജ്ഞപ്രകാരം കയറൂരിവിട്ട വെള്ളപ്പട്ടാളം കൊണ്ടോട്ടിയിലും പരിസരത്തും നിരങ്ങിയപ്പോള് ആത്മരക്ഷാര്ത്ഥം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം കൊണ്ടോട്ടിയിലേക്ക് ഒഴുകി. അന്നത്തെ ഏഴാമത്തെ സ്ഥാനീയന് നസ്റുദ്ധീന് ഷാ തങ്ങളുടെ കാലത്തായിരുന്നു അഭയം നല്കിയിരുന്നത്. ബ്രിട്ടീഷുകാര് തങ്ങളോടുള്ള ബഹുമാനാര്ത്ഥം ടിപ്പുസുല്ത്താന് കുടുംബത്തിനനുവദിച്ചിരുന്ന ഇനാംദാര് അനുവദിച്ചുകൊടുത്തിരുന്നു.തഖിയ്യക്കടുത്ത വിജനമായ പറന്പിലായിരുന്നു അഭയം തേടിയെത്തിയ ജനങ്ങള് തന്പടിച്ചിരുന്നത്. ഏഴ് കിലോമീറ്ററിനുള്ളിലുള്ള കരുവാങ്കല്ല് വരെ തന്പടിച്ചവരെ പട്ടാളം ആക്രമിക്കില്ലെന്ന് ബ്രിട്ടീഷുകാര് തങ്ങള്ക്ക് ഉറപ്പ് കൊടുത്തിരുന്നതായി ചരിത്രം പറയുന്നു. പൂക്കോട്ടൂര് യുദ്ധം നടന്ന മേല്മുറി , പൂക്കോട്ടൂര് പ്രദേശങ്ങളും,കൊണ്ടോട്ടിയോട് ചേര്ന്ന് കിടക്കുന്നതാണ്. മലബാര് താലൂക്ക് ചരിത്രം, ലോഗന്റെ മലബാര് മാന്വല്, കെ.പി.കേശവമേനോന്, ഇ.മൊയ്തുമൌലവി, മാധവന് നായര് എന്നിവരുടെ മലബാര് കലാപ ചരിത്ര പുസ്തകങ്ങള് ഉള്പ്പെടെ നിരവധി ഗ്രന്ഥങ്ങളില് കൊണ്ടോട്ടിയുമായി ബന്ധപ്പെട്ട ഖിലാഫത്ത് ചരിത്രം പ്രതിപാദിക്കുന്നുണ്ട്. ഹിച്ച്കോക്കടക്കം പല ബ്രിട്ടീഷ് പട്ടാള മേധാവികളുടെ കേന്ദ്രമായിരുന്നു തുറക്കല് ട്രാവലേഴ്സ് ബംഗ്ലാവ്.വെള്ളക്കാരുടെ പഴയ പ്രൌഡിയെ വിളിച്ചോതുന്ന ഈ കെട്ടിടം 1980- ല് പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗവും റോഡ്സിന്റെയും ഓഫീസായി പ്രവര്ത്തിക്കുന്നു.

ഇന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് ഇതില്. കൊണ്ടോട്ടിയുടെ ചരിത്രം ഇത് കൊണ്ട് അവസാനിക്കുന്നില്ല. കടുങ്ങോന് രാജാവിന്റെ പുവ്വത്തികോട്ടയും ഖുബ്ബയിലേക്കുള്ള കവാടമായ ഒറ്റക്കല്ലില് തീര്ത്ത ആനവാതിലും, അങ്ങാടിയില്ലാത്ത വീടുകള് തിങ്ങി നിറഞ്ഞ ചെരിച്ചങ്ങാടിയുമെല്ലാം കാഴ്ചകള് തന്നെ. വിശാലമായ സാംസ്കാരിക പൈതൃകമുള്ള കൊണ്ടോട്ടിയുടെ വളര്ച്ചയുടെ കവാടം വിമാനത്താവളം വന്നതോടെ മലര്ക്കെ തുറക്കുകയായിരുന്നു.

1988- മാര്ച്ച് 13 ന് പണി പൂര്ത്തീകരിച്ച വിമാനത്താവളത്തില് ആഭ്യന്തര സര് വ്വീസുകള് തുടങ്ങി. 1992- ല് രാജ്യാന്തര സര് വ്വീസ് ആരംഭിച്ചതോടെ കൊണ്ടോട്ടി സ്വര്ണ്ണത്താവളവുമായി. ബിസിനസ്സിന്റെ വളര്ച്ചയുടെ കൂടെ തന്നെ ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതല് ജ്വല്ലറികളുള്ള നാടുകളില് ഒന്നായി കൊണ്ടോട്ടിയും മാറി. ഒരു സ്പെഷല് ഗ്രേഡ് പഞ്ചായത്തായി കൊണ്ടോട്ടി ഉയര്ന്നിട്ടില്ലെങ്കിലും ചരിത്രത്തിന്റെ ഒരുപാട് ചിത്രങ്ങള് പേറി ’ ‘കൊണ്ടുവെട്ടി’ വികസനത്തിലേക്ക് കുതിക്കുകയാണ്.
=================================================================

അധിനിവേശത്തിനെതിരെ ഗര്ജ്ജിച്ച പൂക്കോട്ടൂര്
പിറന്ന മണ്ണിനായി വെള്ള പട്ടാളത്തിന്റെ പീരങ്കിക്ക് മുന്നില് നെഞ്ചൂക്കോടെ വിരിമാറ് നല്കിയ ഏറനാടന് രക്തസാക്ഷികളുടെ ചോരവീണ മണ്ണാണ് പൂക്കോട്ടൂരിന്റേത്. പാലക്കാട് – കോഴിക്കോട് ദേശീയ പാതയില് മലപ്പുറത്തിനടുത്തുള്ള ഈ ഗ്രാമത്തിന്റെ പല ഭാഗത്തും സ്പന്ദിക്കുന്ന ഖബറിടമുണ്ട്.
1920 ജൂണ് 14 ന് മഹാത്മാഗാന്ധിയും മൌലാനാ ഷൌക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചതോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറില് ശക്തി പ്രാപിച്ചത്. ഏറനാട്, വള്ളുവനാട് താലൂക്കുകളുടെ മിക്ക പ്രദേശങ്ങളിലും വൈകാതെ തന്നെ ഖിലാഫത്ത് കമ്മറ്റികള് നിലവില് വന്നിരുന്നു. ഒന്നാം ലോക മഹാ യുദ്ധത്തില് തുര്ക്കിയെ ബ്രിട്ടണ് പരാജയപ്പെടുത്തി. തുര്ക്കി ഖലീഫയുടെ പ്രദേശങ്ങള് ബ്രിട്ടണ് കീഴടക്കിയതോടെ ഖിലാഫത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചു. ഇത് മലബാറില് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്ക്കും പിന്നീട് മാപ്പിള ലഹളയെ പോലുള്ള പോരാട്ടങ്ങള്ക്കും കാരണമായി. മലപ്പുറം,തിരൂരങ്ങാടി,താനൂര് എന്നിവിടങ്ങളില് ഖിലാഫത്ത് കമ്മറ്റികള് നിലവില് വന്ന അന്ന് തന്നെ പൂക്കോട്ടൂരിലും ഖിലാഫത്ത് പ്രസ്ഥാനം നിലവില് വന്നിരുന്നു. കറുത്തേടത്ത് പള്ളിയാളി ഉണ്ണിമൊയ്തു, വെട്ടാംപറന്പില് അലവി , കാരാട് മൊയ്തീന് കുട്ടി ഹാജി, മാറഞ്ചേരി കുഞ്ഞാമുട്ടി, മണിത്തൊടി കുഞ്ഞാലന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇത്. വാരിയന് കുന്നത്ത് കുഞ്ഞമ്മദാജി, ആലിമുസ്ല്യാര്, ചെന്പ്രശ്ശേരി തങ്ങള് തുടങ്ങിയവരുടെ ഉപദേശങ്ങള് ഇവര് സ്വീകരിച്ച് പോന്നു. നിലന്പൂര് കോവിലകവുമായി ബന്ധപ്പെട്ട് 1921-ലെ മാപ്പിള ലഹള ചൂട് പിടിച്ചതോടെ പൂക്കോട്ടൂരിലും ഖിലാഫത്ത് പ്രസ്ഥാനം ശക്തി പ്രാപിച്ചു. നിലന്പൂര് കോവിലകത്തിന്റെ ശാഖയായ പൂക്കോട്ടൂര് ചിന്നനുണ്ണി തന്പൂരാന്റെ കോവിലകത്ത് നിന്നും നാട്ടിലെ ചിലരില് നിന്നും എതിര്പ്പുകള് വന്നതോടെ കലാപത്തിന് തുടക്കമായി. ഖിലാഫത്ത് കമ്മറ്റി നേതാവ് വടക്കു വീട്ടില് മമ്മദും കോവിലകം തന്പുരാനുമായുള്ള ഇടര്ച്ചയും ഇതിന് ആക്കം കൂട്ടി. ഖിലാഫത്ത് പ്രസ്ഥാനം ഇവിടെ ഇളകി മാഞ്ഞതോടെ കെ.മാധവന് നായര്, ഇ.മൊയ്തുമൌലവി,യു.ഗോപാലമേനോന് എന്നിവരുടെ നേതൃത്വത്തില് കോണ്ഗ്രസ്സ് നേതാക്കള് പൂക്കോട്ടൂരിലെത്തി സംയമനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.
1921- ആഗസ്റ്റ് 20ന് വെള്ളക്കാര് മന്പുറം പള്ളിക്ക് വെടിവെച്ച വാര്ത്ത പരന്നതോടെയാണ് ചരിത്ര പ്രസിദ്ധമായ പൂക്കോട്ടൂര് യുദ്ധത്തിന് തുടക്കമായത്. കോഴിക്കോട് നിന്നും വെള്ളപ്പട്ടാളം മലപ്പുറത്തേക്ക് പുറപ്പെട്ട വിവരം അറിഞ്ഞതോടെ പൂക്കോട്ടൂരില് ഖിലാഫത്തുകാര് യുദ്ധത്തിന് ഒരുങ്ങിയിരുന്നു. ആഗസ്റ്റ് 26 –ന് ആയിരുന്നു ഇത്. മരങ്ങള് വെട്ടിയിട്ടും പാലങ്ങള് പൊളിച്ചും പട്ടാള വരവിനെ തടയാന് ശ്രമിച്ചു. എന്നാല് നെടിയിരുപ്പിലും മൊറയൂരിലും ഖിലാഫത്തുകാരെ വെടിവെച്ചിട്ട വെള്ളപ്പട്ടാളക്കാരുടെ പീരങ്കിക്ക് മുന്പില് പിടിച്ച് നില്ക്കാന് പൂക്കോട്ടൂരിലെ നാടന് തോക്കുകള്ക്ക് കഴിഞ്ഞില്ല. രക്ത രൂക്ഷിതമായ പോരാട്ടതില് ഖിലാഫത്ത് നേതാക്കളായ വടക്കുവീട്ടില് മമ്മദ്, കുഞ്ഞയമുട്ടി, അയമു,പരിമൊയ്തു എന്നിവരടക്കം 260ഓളം പേര് പൂക്കോട്ടൂര് യുദ്ധത്തിന് രക്ത സാക്ഷികളായി. പട്ടാളം മടങ്ങും വഴി കമ്മുട്ടി പീടികയില് വെച്ച് മരത്തിന് മുകളില് ഒളിച്ചിരുന്ന മകരതൊടി കുഞ്ഞമ്മദ് പട്ടാളത്തെ നയിച്ചിരുന്ന ലങ്കാസ്കര് സായിപ്പിന്റെ വാഹനത്തിന് ബോംബെറിഞ്ഞ് സായിപ്പിനെ കൊന്നു. വെള്ളപ്പട്ടാളം കുഞ്ഞമ്മദിനെ വെടിവെച്ചു കൊന്നു. രക്തസാക്ഷികളെ പൂക്കോട്ടൂരിലും പിലാക്കലുമായി മറവ് ചെയ്തു. പിലാക്കലില് ഒരു കിണറില് നിരവധി പേരെ മണ്ണിട്ട് മറവ് ചെയ്തതായാണ് ചരിത്രം . ഈ കിണര് ഇന്നും സ്മാരകമായി നില നില്ക്കുന്നു. പൂക്കോട്ടൂരിലെ പല പാടത്തും തെങ്ങിന് ചുവട്ടിലും രക്തസാക്ഷികളുടെ ഖബറിടമുണ്ട്.പൂക്കോട്ടൂര് യുദ്ധത്തിനെ കുറിച്ച് നിരവധി ഗ്രന്ഥങ്ങളില് പ്രതിപാദിച്ചിട്ടുണ്ട്. പൂക്കോട്ടൂര് യുദ്ധത്തിന്റെ സ്മരണക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില് പൂക്കോട്ടൂര് വാര് മെമ്മോറിയല് ഗെയിറ്റ് ഉയര്ത്തിയിട്ടുണ്ട്. പൂക്കോട്ടൂര് യൂദ്ധത്തിന്റെ ചരിത്രം എത്ര വികലമാക്കിയാലും ചരിത്രത്തില് എന്നും ജ്വലിക്കുന്ന ഒരു ഏടാണ്.


Kondotty Nercha

ഖുബ്ബയെ കേന്ദ്രീകരിച്ച് വര്ഷം തോറും നടന്നു വരാറുള്ള കൊണ്ടോട്ടി നേര്ച്ച ചരിത്ര പ്രസിദ്ധമാണ്. ഏറനാടന് സാംസ്ക്കാരികോത്സവം കൂടിയായ നേര്ച്ച തലമുറകളായി പടുത്തുയര്ത്തിയ കാര്ഷിക കൂട്ടായ്മയുടെ കൊയ്ത്തുല്സവമാണ്. ത്വരീഖത്ത് (സൂഫിസം) ആശയക്കാരായിരുന്ന ബാഗ്ദാദിലെ ശൈഖ് മുഹ് യുദ്ദീന് അബ്ദുല് കാദര് ജീലാനി, ശൈഖ് മുഹ് യുദ്ദീന് അജ്മീരി ചിശ്തി എന്നിവരുടെ പേരില് മുഹമ്മദ് ഷാ തങ്ങള് നടത്തി വന്നിരുന്ന ആണ്ട് നേര്ച്ച (ഖത്തം ഫാത്തിഹ)യാണ് പിന്നീട് കൊണ്ടോട്ടി നേര്ച്ചയായി രൂപാന്തരപ്പെടുന്നത്. പൌത്രന് അബ്തിയാഅ് ഷായുടെ കാലം മുതലാണ് നേര്ച്ചക്ക് ജനകീയ സ്വഭാവം കൈവന്നത്. എല്ലാ   വര്ഷവും മുഹറത്തിലാണ് നേര്ച്ച. മൂന്ന് ദിവസങ്ങളിലായാണ് നടക്കാറ്. തുടക്കമറിയിച്ച് കൊണ്ട് ഖുബ്ബക്കടുത്തുള്ള കട്ടക്കുറ്റിപാടത്ത് മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള പീരങ്കികള് പൊട്ടിക്കും. മഗ് രിബാനന്തരമാണ് പൊട്ടിക്കുക. അതാത് വര്ഷത്തെ സ്ഥാനിയന്മാര് ചടങ്ങുകള്ക്ക് നേതൃത്വം നല്കും
Khuba and Nercha


(ശൈഖ് മുഷ്താഖ്ഷാ വലിയ തങ്ങളാണ് ഇപ്പോഴത്തെ സ്ഥാനീയന്).പെട്ടി വരവുകളാണ് നേര്ച്ചയിലെ പ്രധാന കാഴ്ച. വര്ണ്ണ കാഴ്ചയൊരുക്കുന്ന ചെറുതും വലുതുമായ വരവുകള് മതസൌഹാര്ദ്ദത്തിന്റെ പ്രതീകമാണ്. പെരിന്തല് മണ്ണ നിന്നും(വള്ളുവനാട്) വെള്ളാട്രപെട്ടി വരവാണ് ആദ്യ വരവ്. തുടര്ന്ന് നിരവധി വരവുകള് എത്തും. ഖുബ്ബയിലേക്കാണ് ഇവ എത്താറ്. വരവില് തങ്ങള് കുടുംബത്തിന് ഭക്ഷ്യ,ധാന്യ വിഭവങ്ങള് കാണിക്കയായി കൊണ്ടു വരും. അവസാന ദിവസം പ്രധാന വരവായി സ്വാമിമഠത്തില് നിന്നുള്ള തട്ടാന് വരവ് എത്തിച്ചേര്ന്ന് സമാധാനത്തിന്റെ ചിഹ്നമായ വെള്ളിക്കൊടി ഖുബ്ബയില് സമര്പ്പിക്കും. തുടര്ന്ന് തഖിയക്കലില് നിന്ന് അരച്ച ചന്ദനം പ്രത്യേകം കുടങ്ങളിലാക്കി ഖുബ്ബയില് കൊണ്ടു വരുന്ന ചടങ്ങായ ‘ചന്ദനമെടുക്കല്’ കര്മ്മത്തോടെ നേര്ച്ചക്ക് കൊടിയിറങങും . തുടര്ന്ന് മുഗള് പലഹാരമായ ‘മരീദ’ എന്ന ഭക്ഷണം വിതരണം നടത്തും. സമാപ്തി അറിയിച്ച് പീരങ്കികള് വീണ്ടും ശബ്ദിക്കും. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നേര്ച്ചയില് കൊണ്ടോട്ടി ജനനിബിഡമാവും. നേര്ച്ച കേരളീയ സംസ്ക്കാരത്തില് അലിഞ്ഞ പേര്ഷ്യന് ധാരയാണ്. നേര്ച്ചയില് മുഴങ്ങുന്ന ശഹനായി സംഗീതവും, മരീദയും ഇതിന് തെളിവാണ്. നേര്ച്ചയില് കാണുന്ന മതസൌഹാര്ദ്ദം കൊണ്ടോട്ടി ജനതയിലും അലിഞ്ഞു ചേര്ന്നിട്ടുണ്ട്. ബ്രട്ടീഷ് ചരിത്രകാരന് സ്റ്റീഫന്റെയിലും, മില്ലറും, മലയാള ചരിത്രകാരന് ഡോ.എം.ഗംഗാധരനുമെല്ലാം എഴുതിയ ഒട്ടനവധി ഗ്രന്ഥങ്ങളില് കൊണ്ടോട്ടി നേര്ച്ച പ്രതിപാദിച്ചിട്ടുണ്ട്. ഇശല് ചക്രവര്ത്തി മഹാകവി മോയിന്കുട്ടി വൈദ്യരുടെ പ്രതിഭ വളര്ച്ച നേടിയതും നേര്ച്ചയുടെ പശ്ചാത്തലത്തിലാണ്.

Moinkutty Vaidyar

കൊണ്ടോട്ടിയുടെ കാറ്റിന് ഇശലിന്റെ കുളിര്മയുണ്ട്. ഇവിടെ ഇശലിന്റെ രാജാങ്കണമാക്കിയതില് പ്രധാനി മോയിന്കുട്ടി വൈദ്യരാണെന്നതില് മറുത്തൊരുവാക്കില്ല. മുഹമ്മദ് ഷാ തങ്ങളുടെ പൌത്രന് ഇസ്തിയാഹ് ഷാ തങ്ങളുടെ കാലത്താണ് വൈദ്യര് എന്ന പ്രതിഭയുടെ ചരിത്രം തുടങ്ങുന്നത്. 1851-ല് മേലങ്ങാടി ഓട്ടുപാറകുഴിയില് ഉണ്ണിമമ്മദ് വൈദ്യരുടെയും ആമിനക്കുട്ടിയുടെയും മകനായി ജനനം. തങ്ങളുടെ വൈദ്യകുടുംബമായിരുന്നു ഇവരുടേത്. കുട്ടിക്കാലത്തെ വൈദ്യരുടെ പ്രതിഭ തിളങ്ങിയിരുന്നു. ഇസ്തിയാഹ് ഷാ തങ്ങളുടെ പ്രോത്സാഹനവും പിതാവിന്റെ ശിക്ഷണത്തില് വൈദ്യഭാഷയായ സംസ്കൃതവും പഠിച്ചു. കൂടാതെ വേലു എഴുത്തച്ഛന്റെ ശിക്ഷണത്തില് മലയാള ഭാഷയും വീരാന്കുട്ടി സാഹിബ്, രാമന് വൈദ്യര് എന്നിവരുടെ ശിക്ഷണത്തില് തമിഴ് ഭാഷയും പള്ളിദര്സുകളില് അറബിയും അഭ്യസിച്ച വൈദ്യര് ചെറുപ്പത്തിലെ തന്റെ മനസ് മാപ്പിളപ്പാട്ടുകളുടെ സന്പൂര്ണ്ണ കലവറയാക്കി.
നേര്ച്ചയുടെ പശ്ചാത്തലത്തിലവും ഇതിന് കാരണമായി. നേര്ച്ചയില് കാണാറുള്ള ദഫും, അറബനയും പേര്ഷ്യയില് നിന്നെത്തുന്ന മുരീദുകളുടെ ശഹനായി സംഗീതവുമെല്ലാം കവിമനസില് ഈണങ്ങളുടെ വര്ണ്ണം വിതറി. ഇത് പിന്നീട് മാപ്പിളപ്പാട്ടുകളുടെ ലോകത്തെ പകരം വെക്കാനാവാത്ത രചനകളായി. നിമിഷ കവി കൂടിയായ വൈദ്യര് എട്ടു വയസ്സു മുതല് എഴുതി തുടങ്ങി. ആദ്യ രചന ‘വണ്ടും പൂവും’ ശ്രദ്ധേയമാണ്.1870ല് പന്ത്രണ്ടാമത്തെ വയസ്സിലാണ് പ്രസിദ്ധമായ ‘ബദറുല് മുനീര് ഹുസുനുല് ജമാല് ’ പ്രണയ കാവ്യം രചിക്കുന്നത്. ബദര്പടപ്പാട്ട്,ഉഹ്ദ് പട, മനാഖിബുശഅദാഇ മലപ്പുറം(മലപ്പുറം പടപ്പാട്ട്) സലാസില് ജിന്ന് പട, കിളത്തിമല,എലിപ്പട പ്പാട്ട്, അലത്തില് മൂലം,കല്യാണപ്പാട്ടുകള്, കുറത്തിപദം, തീവണ്ടി ചീന്ത്, തീവണ്ടി ബൈത്ത്,വെറ്റിലപ്പാട്ടുകള്, കറാമത്ത് മാല, ഹിജ്റപ്പാട്ട് അങ്ങിനെ പോകുന്നു വൈദ്യരുടെ രചനകള്.
ഹിജ്റപ്പാട്ട് മുഴുമിക്കും മുന്പ് നാല്പ്പതാം വയസ്സില് മരണപ്പെട്ടു. പിതാവാണ് ഹിജ്റപ്പാട്ട് മുഴുവനാക്കിയത്. ഖുബ്ബയുടെ തൊട്ടടുത്തായി വൈദ്യര് അന്തിയുറങ്ങുന്നു. കവി സാര് വ്വ ഭൌമനായി വൈദ്യരെ അംഗീകരിച്ചെങ്കിലും കാലങ്ങള്ക്ക് ശേഷമാണ് വൈദ്യര് സ്മാരകം ഉയര്ന്നത്.

മോയിന്കുട്ടി വൈദ്യര് സ്മാരകം.
Moinkutty Vaidyarകൊണ്ടോട്ടി പാണ്ടിക്കാടാണ് വൈദ്യര് സ്മാരകം. വൈദ്യര്ക്ക് സ്മാരകം വേണമെന്ന ചിന്തയില് വൈദ്യര് സ്നേഹികളായ സാംസ്കാരിക പ്രമുഖര് മുന്നിട്ടിറങ്ങി. കൊരന്പയില് അഹമ്മദ് ഹാജിയുടെ അക്ഷീണ പ്രയത്നത്തില് 24-12-1994 ല് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് ശിലാസ്ഥാപനം നിര് വ്വഹിച്ചു. യു.ഡി.എഫ് സര്ക്കാറിന്റെ കാലത്ത് പൂര്ത്തീകരിച്ച സ്മാരകം 1999 ജൂണില് ഇ.കെ.നായനാര് ഉല്ഘാടനം ചെയ്തു. ദീര്ഘകാലം കൊരന്പയില് അഹമ്മദ് ഹാജിയായിരുന്നു ചെയര്മാന് . മരണ ശേഷം അഡ്വ.കെ.എന്.എ.ഖാദര് എക്സ്.എം.എല്.എ ചെയര്മാനും ആസാദ് വണ്ടൂര്സെക്രട്ടറിയുമായി.ഇപ്പോള് ടി.കെ.ഹംസ ചെയര്മാനും ബഷീര് ചുങ്കത്തറ സെക്രട്ടറിയുമാണ്. സാംസ്കാരിക സാഹിത്യ പരിപാടികള് ഇവിടെ നടന്നു വരുന്നു.

2 comments :

  1. കൊണ്ടോട്ടി തങ്ങളുടെ സൂഫിസവും കൊണ്ടോട്ടി നേര്‍ച്ചയും ഇസ്ലാം വിരുദ്ധം`
    ഏറനാടിന്റെ മതനിരപേക്ഷ ഉത്സവമായ കൊണ്ടോട്ടി നേര്‍ച്ച പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളെ പിന്തുണച്ച്‌ ഏറനാടന്‍ എഴുതിയ കുറിപ്പിനോടുള്ള ഒരു പ്രതികരണം/മജീദ്‌ നീറാട്‌ ..... https://www.calicutjournal.com/911/kondotty-nercha-2

    ReplyDelete
  2. കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ് കൊണ്ടോട്ടി നേര്‍ച്ച. നാലുവര്‍ഷമായി മുടങ്ങിപ്പോയ ഈ ഏറനാടന്‍ കൊയ്ത്തുത്സവം പുനരാരംഭിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ‘സംവാദം’ ചർച്ച ചെയ്യുന്നു: സാമൂഹിക അംഗീകാരമുള്ളവയായിട്ടും നേർച്ചകൾ പോലുള്ള മതാഘോഷങ്ങൾ തടയാൻ മതത്തിനുള്ളിൽതന്നെ നീക്കങ്ങളുണ്ടാവുന്നത് എന്തുകൊണ്ടാണ്? കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ മണ്‍മറയുന്നതെങ്ങനെയെന്ന് അന്വേഷിക്കേണ്ടത് നേര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിനോളം പ്രധാനമാണെന്ന് വാദിക്കുന്നു ഏറനാടന്‍..................

    https://www.calicutjournal.com/851/kondotty-nercha-debate1

    ReplyDelete

→ ഈ വാര്ത്ത്ക്ക് അഭിപ്രായം പറയാം.
ദയവായി ശ്രദ്ധിക്കുക ആരെയും ചീത്ത പറയുന്നതോ, തെറി വിളിക്കുന്നതോ ആയ കമന്റുകള്‍ എഴുതാന്‍ പാടുള്ളതല്ല.
വല്ലവരും അപ്രകാരം ചെയ്താല്‍ നിയമനടപടികള്ക്ക് വിധേയമായേക്കാം.

► ദയവായി വിലയേറിയ അഭിപ്രായം എഴുതി സഹകരിക്കുമല്ലോ??

www.NeeradONLiNE.com™ ന്,വേണ്ടി സ്വന്തം നീറാട്ടുക്കാരന്‍.
www.facebook.com/NeeradONLiNE

Copyright © 2012 NeeradONLiNE.COM .